വെള്ളൂർ: കെആർഎല്ലിന് വ്യാവസായിക ആവശ്യത്തിന് കുടിവെള്ള പൈപ്പ് ലൈനിൽനിന്ന് വെള്ളം നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി.
വെള്ളൂർ പഞ്ചായത്തിലെ അഞ്ച്, 10 വാർഡുകളിലെ വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിൽനിന്ന് വ്യാവസായിക ആവശ്യത്തിന് വലിയ വ്യാസമുള്ള പൈപ്പിട്ട് വെള്ളം എടുക്കാനുള്ള നീക്കം അധികൃതർ ഉപേക്ഷിക്കണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു.
നിലവിലെ കുടിവെള്ളക്ഷാമവും ഭാവിയിലെ പ്രതിസന്ധിയും ചൂണ്ടിക്കാട്ടി വെള്ളൂർ പഞ്ചായത്ത് ഒറ്റക്കെട്ടായി പ്രമേയം പാസാക്കി വാട്ടർ അഥോറിറ്റിക്കും വകുപ്പ് മന്ത്രിക്കും നൽകിയിരുന്നു. എന്നാൽ ജനകീയ പ്രതിഷേധത്തെ അവഗണിച്ച് വാട്ടർ അഥോറിറ്റി രാത്രിയുടെ മറവിൽ കഴിഞ്ഞ ദിവസം കണക്ഷൻ നൽകി. പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടർന്ന് താത്കാലികമായി വിച്ഛേദിച്ച കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിച്ചു നൽകുന്നതിനുള്ള നീക്കം അധികൃതർ നടത്തി വരികയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
മുക്കാൽ ഇഞ്ച് പൈപ്പിലൂടെ കെആർഎല്ലിന് ഒരു വാട്ടർ കണക്ഷൻ നിലനിൽക്കേയാണ് ജനങ്ങളെ തെറ്റിധരിപ്പിച്ചു വലിയ വ്യാസമുള്ള പൈപ്പിട്ട് പുതിയ കണക്ഷൻ നൽകാൻ വാട്ടർ അഥോറിറ്റി ശ്രമിക്കുന്നതെന്ന് ജനകീയ സമിതി കുറ്റപ്പെടുത്തുന്നു.
വ്യാവസായിക ആവശ്യത്തിന് കെആർഎലിന് കുടിവെള്ള സംഭരണ ടാങ്കിൽനിന്ന് നേരിട്ട് വെള്ളം നൽകി പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള വിതരണം സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ്, വൈസ് പ്രസിഡന്റ് അനീഷ്ചന്ദ്രൻ, പഞ്ചായത്ത് അംഗം ടി.വി. ബേബി, സാജൻ, ലൂക്ക് മാത്യു, എ.കെ. രജീഷ്, ആർ. രോഹിത്, പി.കെ. തങ്കൻ, സി.എം. രാധാകൃഷ്ണൻ, ആർ. നികിതകുമാർ, വി.എ. ഷാഹിം തുടങ്ങിയവർ പ്രസംഗിച്ചു.യോഗത്തിൽ സമര സമിതി ചെയർമാനായി അനീഷ് ചന്ദ്രനെയും കൺവീനറായി ആർ. നികിതകുമാറിനെയും തെരഞ്ഞെടുത്തു.